ധൈര്യമായി കുട്ടികളെ സ്‌കൂളിലേക്ക് വിടാം; എല്ലാ ഉത്തരവാദിത്വവും സർക്കാറിന്റെതെന്ന്   വി ശിവൻകുട്ടി

ധൈര്യമായി കുട്ടികളെ സ്‌കൂളിലേക്ക് വിടാം; എല്ലാ ഉത്തരവാദിത്വവും സർക്കാറിന്റെതെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : ഒന്നര വർഷത്തിന് ശേഷം സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന ദിവസം സുപ്രധാനമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ തുറക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. കുട്ടികളെ സ്‌കൂളിൽ വിടുന്നതിന് രക്ഷാകർത്താക്കൾക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ല. എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പത്രസമ്മേളത്തിൽ പറഞ്ഞു.

കുട്ടികളെ പഠിപ്പിക്കാൻ അദ്ധ്യാപക ക്ഷാമമുള്ള ഇടങ്ങളിൽ അദ്ധ്യാപകരെ നിയമിക്കാൻ നടപടിയെടുത്തിട്ടുണ്ട്. 446 സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് ലഭിച്ചിട്ടില്ല. 282 അദ്ധ്യാപകർ ഇനിയും വാക്സിൻ എടുക്കാത്തതായുണ്ട്. ഈ അദ്ധ്യാപകരോട് സ്‌കൂളുകളിലേക്ക് വരേണ്ടതില്ലെന്നും വീടുകളിൽ ഇരുന്ന് ഓൺലൈനായി കുട്ടികളെ പഠിപ്പിച്ചാൽ മതിയെന്നും നിർദ്ദേശം നൽകി.

സ്‌കൂളുകൾ തുറന്നാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ചും മാർഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ എണ്ണം 25 ശതമാനമായി ക്രമീകരിക്കണം. ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ മാത്രമേ ഇരുത്താവൂ. കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ഒന്നിച്ചിരിക്കാതെ രണ്ട് മീറ്റർ അകലം പാലിക്കണം. 15452 സ്‌കൂളുകളിൽ നൂറിന് താഴെയുള്ള സ്‌കൂളുകളിൽ മാത്രമാണ് അണുനശീകരണം നടത്താൻ ബാക്കിയുള്ളത്. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് തുടങ്ങിയവ വാങ്ങുന്നതിന് 2.85 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Back To Top
error: Content is protected !!