തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്ത സംഭവത്തിൽ നിർണായക വിവരം പുറത്ത്. അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി നടത്തിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. കുട്ടിയുടെ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍ അജിത്തിന്റെ പേരിന് പകരം ജയകുമാര്‍ എന്ന പേരാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ കൊടുത്തിരിക്കുന്നത്. കവടിയാര്‍ കുറവന്‍കോണം സ്വദേശിയാണ് അജിത്. എന്നാല്‍ ജനനസര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്നത് തിരുവനന്തപുരം മണക്കാടുള്ള ഒരു മേല്‍വിലാസമാണ്.കുട്ടിയെ അനുപമയില്‍ നിന്ന് ഒഴിവാക്കാന്‍ ആസൂത്രിതമായ നീക്കങ്ങളാണ് ഓരോ ഘട്ടത്തിലും നടന്നുവെന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാട്ടാക്കടയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അനുപമ 2020 ഒക്ടോബര്‍ 19ന് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. അവിടെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നത്.
അതേസമയം, കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ വിശദീകരണവുമായി ശിശുക്ഷേമ സമിതി രംഗത്ത് വന്നു. ഒക്ടോബർ 22,23 തീയതികളിൽ രണ്ട് ആൺകുഞ്ഞുങ്ങളെ ലഭിച്ചിരുന്നതായി വ്യക്തമാക്കിയ ശിശു ക്ഷേമ സമിതി, എന്നാൽ ദത്ത് നൽകിയത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അറിയിച്ചു. പൊലീസിന് നൽകിയ മറുപടിയിലാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം.