100 കോടി വാക്‌സിനേഷനിലൂടെ രാജ്യം പുതുചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ വേഗത്തിലാണ് രാജ്യം അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഇത് ഓരോ ഇന്ത്യക്കാരന്റെയും നേട്ടമാണ്. നവഭാരതത്തിന്റെ പ്രതീകമാണ് ഈ നേട്ടം. ഒരു പുതിയ അധ്യായത്തിനാണ് ഇവിടെ തുടക്കമിട്ടത്. കഠിനമായതിനെ നേടുമെന്ന് നാം തെളിയിച്ചിരിക്കുകയാണ്. 100 കോടി ഡോസ് എന്നത് വെറും അക്കമല്ല, ഒരു നാഴികക്കല്ലാണ്. രാജ്യം ഒരു അസാധാരണ ലക്ഷ്യമാണ് കൈവരിച്ചത്. ഓരോ വ്യക്തിക്കും ഇതിൽ പങ്കുണ്ട്. ഈ അവസരത്തിൽ എല്ലാ ജനങ്ങളോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിനേഷൻ എല്ലാവർക്കും നൽകാനാകുമോ എന്ന ചിലരുടെ സംശയത്തിനുള്ള മറുപടിയാണ് ഈ നേട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ് 19. വലിയ വെല്ലുവിളിയാണ് കൊറോണ ഉയർത്തിയത്. ഇതിനെ ഇന്ത്യ അതിജീവിക്കുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് വാക്‌സിൻ വിതരണം ചെയ്തത്. വാക്‌സിൻ വിതരണത്തിൽ തുല്യത നിലനിർത്തി. വി ഐ പിയെന്നോ സാധാരണക്കാരനെന്നോ വിവേചനം ഉണ്ടായില്ല. വാക്‌സിൻ സൗജന്യമായി നൽകിയാണ് ഇന്ത്യ മുന്നിലെത്തിയത്. ഒരു ദിവസം ഒരു കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാനുള്ള ശേഷിയിലേക്ക് രാജ്യമെത്തി. ഇന്ന് ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിക്കുകയാണ്. രാജ്യം കൊറോണയിൽ നിന്ന് കൂടുതൽ സുരക്ഷിതമെന്ന് ലോകം വിലയിരുത്തും. ഭാരതം ശക്തമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.