കോഴിക്കോട് : കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് ലഹരി വസ്തുക്കളുമായി എട്ടു പേര്‍ പിടിയിലായി. രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് അതീവശക്തിയുള്ള സിന്തറ്റിക് ലഹരിവസ്തുക്കള്‍ പിടികൂടിയത്. നാലു ദിവസമായി ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു സംഘമെന്ന് പൊലീസ് സൂചിപ്പിച്ചു.
യുവതി അടക്കമുള്ള സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്തുവരികയാണ്.നാലുമുറികളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ലഹരി വില്‍പ്പനയ്ക്കായി നഗരത്തില്‍ എത്തിയതെന്നാണ് സൂചന. പിടിയിലായവര്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ളവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ലഹരിവസ്തുക്കള്‍ എവിടെ നിന്നു കിട്ടി എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം പൊലീസ് കുടുക്കിയതാണെന്നാണ് പ്രതികള്‍ ആരോപിക്കുന്നത്. കണ്ടെടുത്ത ലഹരിവസ്തുക്കള്‍ മുറി തള്ളിത്തുറന്ന് അകത്തുകടന്ന പൊലീസ് കൊണ്ടു വച്ചതാണെന്നും പിടിയിലായ പ്രതികള്‍ പറയുന്നു.
കോഴിക്കോട് ചേളന്നൂര്‍ സ്വദേശി മനോജ്, വെങ്ങാലി സ്വദേശി അഭി, ബേപ്പൂര്‍ സ്വദേശി മുഹമ്മദ് നിഷാം, പെരുമണ്ണ സ്വദേശി അര്‍ജുന്‍, മാങ്കാവ് സ്വദേശി തന്‍വീര്‍ അജ്മല്‍, എലത്തൂര്‍ സ്വദേശി അഭിജിത്, പെരുവയല്‍ സ്വദേശി അര്‍ഷാദ്, മലപ്പുറം മേലാറ്റൂര്‍ സ്വദേശിനി ജസീന എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.