വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയ 2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. പന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുന്‍പേയാണ് കേന്ദ്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഇറക്കിയിരിക്കുത്. പൗരത്വ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ കോടതി വാദംകേട്ട് തുടങ്ങിയിട്ട്‌പോലുമില്ല. ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണനയ്‌ക്കെടുക്കുമെന്നും, പന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെച്ചൂരി ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്നതിന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ നടപടി തുടങ്ങിയത്. ഇവരില്‍ നിന്ന് പൗരത്വ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.