തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്ബോള്‍ ഭൂരിപക്ഷം ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര. ആദ്യ നാല് മണിക്കൂറില്‍ തന്നെ പോളിംഗ് 25 ശതമാനം പിന്നിട്ടു. നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും വോട്ടര്‍മാര്‍ കൂട്ടത്തോടെയാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്.
ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം പത്തനംതിട്ടയിലാണ്. ആലപ്പുഴയാണ് പോളിംഗ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. എങ്കിലും പതിനഞ്ച് ശതമാനത്തിന് മുകളിലേക്ക് പോളിംഗ് ശതമാനം വരുന്നത് തന്നെ നഗരമേഖലയായ തിരുവനന്തപുരത്ത് അഭൂതപൂര്‍വമായ കാഴ്‌ചയാണ്. അഞ്ച് ജില്ലകളിലായി പതിനഞ്ച് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി. തകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കാനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജു, എം എം മണി, സുരേഷ് ഗോപി എം പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 പേരാണ് ആകെ വോട്ടര്‍മാര്‍.