ഓമശ്ശേരി: വില്ലേജ് ജീവനക്കാരുടെ കൈപ്പിഴ മൂലം 10 സൻെറ് സ്ഥലത്തിനു ഒരേക്കറിൻെറ നികുതി. ഓമശ്ശേരി പുത്തൂർ വില്ലേജ് ഓഫിസ് അധികൃതരുടെ പിഴവുമൂലം പുളിയാർ തൊടിക സാദിഖ്, ഭാര്യ സുമയ്യ എന്നിവർക്കാണ് ഏഴ്, മൂന്ന് സൻെറ് സ്ഥലത്തിന് ഒരേക്കർ സ്ഥലത്തിൻെറ നികുതി അടക്കേണ്ടിവന്നത്. ഇവരുടെ സ്ഥലം ഓൺലൈനിൽ തെറ്റായി അപ്ലോഡ് ചെയ്തതാണ് പ്രശ്നമായത്. വർഷത്തിൽ ആറുരൂപയാണ് ഇവർ നികുതി അടച്ചുവന്നത്. 2017-18 നു ശേഷം നികുതി അടച്ചിരുന്നില്ല. മൂന്നുവർഷത്തെ നികുതിയായി 18 രൂപക്ക് പകരം 733 രൂപയാണ് ഒൺലൈനായി അടച്ചത്. വില്ലേജ് ഓഫിസിൽ കരമടക്കാൻ ചെന്നപ്പോൾ തണ്ടപ്പേര് നൽകി ഒൺലൈനായി അടക്കാൻ നിർദ്ദേശിക്കുകയായിരുന്നു. നികുതി അടക്കുന്നതിന് ഓൺലൈൻ കേന്ദ്രത്തിലെത്തിയ സാദിഖ് നികുതിയിലെ വൻ വർധന കണ്ട് വില്ലേജ് ഓഫിസിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് സ്ഥലത്തിന് തെറ്റായ അളവ് ചേർത്തതായി ബോധ്യപ്പെട്ടത്. അടച്ച സംഖ്യ തിരിച്ചുകിട്ടുകയും ഇല്ല. അധികൃതരുടെ അനാസ്ഥ മൂലം വലിയ സംഖ്യ നികുതിയിനത്തിൽ അടക്കേണ്ടി വന്നിരിക്കുകയാണ് ഇവർ