തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. വി.വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ജനുവരി 29നായിരുന്നു മാരേക്കാട് പഴമ്പിള്ളി വീട്ടിൽ വാസൻ ഭാര്യ ശ്രീഷ്മയെ വെട്ടിയത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മ, കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ നാലരയോടെയാണ് മരിച്ചത്.
സംഭവ ശേഷം വാസനെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ വിയ്യൂർ ജയിലിൽ റിമാൻഡിലാണ്. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ശ്രീഷ്മ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. ഇത് പറയാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം തുടങ്ങുകയും തുടർന്ന് വാസൻ ശ്രീഷ്മയെ വെട്ടുകത്തികൊണ്ട് വെട്ടുകയുമായിരുന്നു.
ആക്രമണത്തിൽ കയ്യും കാലും അറ്റുപോകാവുന്ന അവസ്ഥയിലായിരുന്ന ശ്രീഷ്മയെ മാളയിലെ ആശുപത്രിയിലും തുടർന്ന് നില വഷളായപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.