Audio News
Getting your Trinity Audio player ready...
|
തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിച്ചലിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍. പരുത്തിപ്പള്ളി ഗവണ്‍മെന്റ് വിഎച്ച്എസ്എസിലെ ക്ലര്‍ക്ക് സനല്‍ ജെ-യ്ക്ക് എതിരെയാണ് നടപടി. ഇന്നലെയാണ് സ്‌കൂള്‍ കെട്ടിടത്തില്‍ വിദ്യാര്‍ത്ഥി എബ്രഹാം ബെന്‍സണെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം മേഖലാ അസിസ്റ്റൻറ് ഡയറക്ടറും, പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസ് പ്രിൻസിപ്പാളും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ക്ലര്‍ക്ക് മാനസികമായി പീഡിപ്പിച്ചെന്നും, പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായെന്നും അമ്മാവന്‍ സതീശന്‍ ഇന്നലെ ആരോപിച്ചിരുന്നു. ആര്‍ഡിഒയ്ക്ക് മുന്നിലാണ് കുടുംബം ആരോപണം ഉന്നയിച്ചത്. പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. അത് സബ്മിറ്റ് ചെയ്യാന്‍ സ്‌കൂളിന്റെ സീല്‍ വേണമെന്ന് പറഞ്ഞു. കുട്ടികള്‍ ഓഫീസിലേക്ക് ചെന്ന് സീല്‍ ചെയ്തു നല്‍കാന്‍ ഈ ക്ലര്‍ക്കിനോട് ആവശ്യപ്പെട്ടപ്പോൾ ക്ലര്‍ക്ക് കുട്ടികളെ അവഗണിക്കുന്ന രീതിയില്‍ പെരുമാറുകയായിരുന്നു. കൂടാതെ കുട്ടിയെ ചീത്ത പറയുകയും ചെയ്തതായി അമ്മാവൻ പറയുന്നു.
വാക്ക് തര്‍ക്കമുണ്ടായതിന് പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ ഇടപെടുകയും അടുത്ത ദിവസം രക്ഷകര്‍ത്താക്കളെ സ്‌കൂളില്‍ വിളിച്ചുകൊണ്ടു വരണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇത് രക്ഷകര്‍ത്താവിനെ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് വീട്ടുകാര്‍ കുട്ടിയെ ചോദ്യം ചെയ്യുകയും വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമവും ബെന്‍സണ്‍ ഉണ്ടായിരുന്നു.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ലര്‍ക്ക് സനല്‍ രംഗത്തെത്തിയിരുന്നു. ലീവെടുത്തത് മറ്റുചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സനല്‍ പറഞ്ഞു.