തിരുവല്ല: 32 ലക്ഷം രൂപയുടെ കള്ളപ്പണവുമായി മഹാരാഷ്ട്ര സ്വദേശി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. മഹാരാഷ്ട്ര ചിഗ്ലു സ്വദേശി പ്രശാന്ത് ശിവജി (30) ആണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മഹാരാഷ്ട്രയിൽനിന്നും ലോക് മാന്യതിലക് എക്സ്പ്രസിൽ കായംകുളത്തേക്ക് പോവുകയായിരുന്നു പ്രശാന്ത്. രേഖകളില്ലാത്ത പണം ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
റെയിൽവേ പൊലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. റെയിൽവേ പൊലീസ് എസ്.ഐ റോബി ചെറിയാൻ, എക്സൈസ് സി.ഐ കെ. രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും കസ്റ്റഡിയിൽ എടുത്ത പണവും കോട്ടയം റെയിൽവേ പൊലീസിന് കൈമാറി.