ഷിംല : രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹിമാചൽ പ്രദേശിലെ മണാലിയിൽ കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ഷിംല, കുളു, മാണ്ഡി, ചമ്പ, സിർമൗർ ജില്ലകൾക്കൊപ്പം കിന്നൗർ, ലാഹൗൾ, സ്പിതി എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഹിമാചലിലെ മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ കുറഞ്ഞത് 223 റോഡുകളെങ്കിലും അടച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ ഷിംലയിലേക്കും മണാലിയിലേക്കും എത്തുന്ന വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ഷിംലയിൽ കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് ഇത്തവണ 30 ശതമാനം ടൂറിസ്റ്റുകൾ കൂടുതലാണ്.
കൂടാതെ അട്ടാരി മുതൽ ലേ, കുളു ജില്ലയിലെ സഞ്ജ് മുതൽ ഔട്ട് വരെയുള്ള ദേശീയ പാതകളും കിന്നൗർ ജില്ലയിലെ ഖാബ് സംഗം, ലഹൗൾ, സ്പിതി ജില്ലയിലെ ഗ്രാമ്ഫൂ എന്നിവയും മഞ്ഞ് കാരണം അടച്ചിട്ടിരിക്കുകയാണ്.