പാലക്കാട്: ഇത്തവണ പാലക്കാട് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് സി.പി.എം നേതാവ് എ.കെ. ബാലൻ. ഇവിടെ മത്സരം ബി.ജെ.പി -യു.ഡി.എഫ് തമ്മിലാണെന്നും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താണെന്നും തുടക്കം മുതൽ പറഞ്ഞുനടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കരണത്തേറ്റ അടിയാണ് ഈ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
‘മുരളി അസ്സലായി കാര്യങ്ങൾ പഠിക്കുന്നയാളാണ്. എല്ലാം ഒബ്സർവ് ചെയ്ത് പറയുന്നയാൾ. ഇവരെയൊക്കെ പോലെ വെറുതെ പറയുന്നയാളല്ല. ശക്തനായ ബി.ജെ.പി വിരുദ്ധനാണദ്ദേഹം. ആർ.എസ്.എസിനേക്കാൾ എതിർക്കേണ്ട ശക്‍തിയാണ് സി.പി.എം എന്ന അഭിപ്രായം മുരളിക്കില്ല. ഈ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന് പറഞ്ഞ കെ. മുരളീധരന്റെ അഭിപ്രായം കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നതിന് തെളിവാണ്. എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താണെന്ന് തുടക്കം മുതൽ പറഞ്ഞുനടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കരണത്തേറ്റ അടിയാണ് ഈ അഭിപ്രായം. പാലക്കാട് ബി.ജെ.പിയുടെ പ്രഗൽഭ സ്ഥാനാർഥിയായിരുന്ന ഇ. ശ്രീധരന് കിട്ടിയ വോട്ടിന്റെ അത്രയൊന്നും ഇത്തവണ ബി.ജെ.പിക്ക് കിട്ടില്ല. എൽ.ഡി.എഫ് അട്ടിമറി വിജയഒ നേടും’ -അദ്ദേഹം പറഞ്ഞു.
‘എൽ.ഡി.എഫിന്റെ വിജയം അട്ടിമറിക്കാൻ ആണ് ചിറ്റൂരിൽ സ്പിരിറ്റ് ഇറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വലിയ ഗൂഢാലോചനയാണ് യുഡിഎഫ് നടത്തുന്നത്. സംശയമുള്ള എല്ലാ സ്ഥലത്തും പൊലീസും എക്സൈസും ഇലക്ഷൻ കമ്മീഷനും പരിശോധന നടത്തണം. കോൺഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണ്. അതിന്റെ തെളിവാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് കെ മുരളീധരൻ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്. താൻ വ്യക്തിക്ക് വേണ്ടിയല്ല വോട്ട് ചോദിക്കുന്നത് എന്നു പറഞ്ഞതോടെ എല്ലാം എല്ലാവർക്കും ബോധ്യമായി’ -എ.കെ. ബാലൻ പറഞ്ഞു.