കോഴിക്കോട്: പയ്യനാട്ടെ വിജയം യാദൃച്ഛികമല്ലെന്ന് തെളിയിക്കാൻ കാലിക്കറ്റ് എഫ്.സിയും അഞ്ചാം സ്ഥാനത്തുനിന്ന് നില മെച്ചപ്പെടുത്താൻ മലപ്പുറം എഫ്.സിയും ശനിയാഴ്ച കളത്തിലിറങ്ങും. ഗോൾ ശരാശരിയിൽ മുന്നിലാണെങ്കിലും കാലിക്കറ്റ് എഫ്.സി കണ്ണൂർ വാരിയേഴ്സിനു പിന്നിലായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ആറു കളിയിൽ 10 പോയന്റാണ് കാലിക്കറ്റിനുള്ളത്. രണ്ടു വിജയവും നാലു സമനിലയുമാണ് കാലിക്കറ്റ് എഫ്.സി സമ്പാദ്യം. മലപ്പുറത്തെയും ഒരു തവണ തിരുവനന്തപുരം കൊമ്പൻസിനെയും കാലിക്കറ്റ് എഫ്.സി മലർത്തിയടിച്ചിട്ടുണ്ട്.
അതേ കൊമ്പൻസിനോട് ഒരു തവണ സമനിലയും വഴങ്ങി. വൻ അട്ടിമറികൾ നടന്നാൽ മാത്രമേ കാലിക്കറ്റ് എഫ്.സിക്ക് സെമി നഷ്ടമാകുകയുള്ളൂ. ആറു കളിയിൽ ആറു പോയന്റുമായി കൊമ്പൻസിനൊപ്പമാണ് മലപ്പുറം. സെമിയിൽ കടക്കാൻ സമ്മർദമേറിയാണ് മലപ്പുറവും ഇ.എം.എസ് സ്റ്റേഡിയത്തിൽ കളിക്കെത്തുന്നത്.