ചായയില്‍ കീടനാശിനി കലര്‍ത്തി അമ്മയെ മകള്‍ കൊന്നു; അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചു

ചായയില്‍ കീടനാശിനി കലര്‍ത്തി അമ്മയെ മകള്‍ കൊന്നു; അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചു

തൃശൂര്‍ വിഷം നല്‍കി അമ്മയെ കൊലപ്പെടുത്തിയ മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്. ചായയില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനാല്‍ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിക്കാതിരുന്നതാണ് രക്ഷയായതെന്ന് പൊലീസ് പറഞ്ഞു. പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനാണ് മകള്‍ ഈ കൊടും ക്രൂരത ചെയ്തതെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് കഴിച്ച അമ്മ രുഗ്മിണി (58) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. മകള്‍ ഇന്ദുലേഖയെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വര്‍ണം പണയം വെച്ച വകയില്‍ എട്ടുലക്ഷം രൂപ ഇന്ദുലേഖയ്ക്ക് കടമുണ്ടായിരുന്നു. ഇന്ദുലേഖയുടെ ഭര്‍ത്താവ് വിദേശത്താണ്. കുട്ടികള്‍ക്കൊപ്പം കീഴൂരിലെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്ദുലേഖയുടെ പേരിലാണ് വീടും സ്ഥലവും പറഞ്ഞുവെച്ചിരുന്നത്. എന്നാല്‍ മാതാപിതാക്കളെ ഒഴിവാക്കിയ ശേഷം വസ്തുക്കള്‍ കൈക്കലാക്കി കടബാധ്യത വീട്ടാനുള്ള ലക്ഷ്യമാണ് ഇന്ദുലേഖ കൃത്യം നടത്തിയതിന് പിന്നിലെന്ന് പൊലീസിന്റെ നിഗമനം.

ഇക്കഴിഞ്ഞ 18 ന് വിദേശത്തായിരുന്ന മകളുടെ ഭർത്താവിനെ കൊണ്ടുവരാൻ മകൾക്കൊപ്പം നെടുമ്പാശേരിയിൽ പോയി മടങ്ങി വരുന്നതിനിടെ കഴിച്ച ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കരുതുന്നത്. വീട്ടിൽ തിരിച്ചെത്തി പിറ്റേ ദിവസം ഛർദ്ദിച്ചതിനെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് മലങ്കര ആശുപത്രിയിലും പ്രവേശിപ്പിക്കകയായിരുന്നു. തുടര്‍ന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച മരിച്ചു. ചൊവ്വാഴ്ച കുന്നംകുളം നഗരസഭ ശ്മശാനത്തിൽ രു​ഗ്മിണിയുടെ മൃതദേഹം സംസ്കരിട്ടു. മരണത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടർമാർ പരിശോധന നടത്തിയതിലാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തതിലാണ് മകൾ ഇന്ദുലേഖ വിഷം നൽകിയ വിവരം പുറത്തറിയുന്നത്. ഇന്ദുലേഖയ്ക്ക് അത്രയധികം തുക കടബാധ്യത വന്നതെങ്ങനെയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

English Summary:Daughter kills mother by mixing pesticide in tea; He also tried to kill his father

Back To Top
error: Content is protected !!