കണ്ണൂർ: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതിയെ ഒളിച്ച് താമസിക്കാൻ വീട് നൽകിയ പി രേഷ്മ സിപിഎം നേതാക്കൾക്കെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ഇന്നലെ വൈകിട്ടോടെയാണ് അഭിഭാഷകൻ മുഖേന രേഷ്മ മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചത്. താനും ഭർത്താവും കുടുംബവും സിപിഎം അനുഭാവികളാണെന്നും എന്നാൽ, ഇപ്പോൾ ഉന്നത സിപിഎം നേതാക്കൾ അടക്കമുള്ളവർ സൈബർ ആക്രമണം നടത്തുകയാണെന്നും പരാതിയിൽ പറയുന്നു.
പൊലീസ് മാനുഷിക പരിഗണന നൽകിയില്ലെന്നും പൊലീസ് സ്റ്റേഷനിൽ സ്ത്രീയെന്ന പരിഗണന പോലും ലഭിച്ചില്ലെന്നും രേഷ്മ ആരോപിക്കുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കളും സിപിഎം ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തന്റെയും പ്രായപൂർത്തിയാകാത്ത മകളുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്. ഈ ഫോണിലെ ചിത്രങ്ങളും വിഡിയോകളും സൈബർ ആക്രമണം നടത്തിയവർക്ക് ലഭിച്ചത് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
സദാ പൊലീസ് നിരീക്ഷണത്തിലുള്ള പ്രദേശമായിട്ടുപോലും മുഖ്യമന്ത്രിയുടെ വീടിനു സമീപത്തെ വീട് ആക്രമിക്കുകയും ബോംബ് എറിയുകയും ചെയ്തു. വീട്ടിലേക്കു സ്റ്റീൽ ബോംബ് എറിഞ്ഞതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു. ജനൽചില്ലുകൾ തകർന്നു. വീട്ടുപകരണങ്ങൾക്കും കേടു പറ്റി. കസേരകളും മറ്റും വലിച്ചെറിഞ്ഞ് കിണർ മലിനമാക്കുകയും ചെയ്തു.
സിപിഎം ജില്ലാ സെക്രട്ടറി മുതലുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് സൈബർ ആക്രമണം തുടങ്ങിയതെന്നും പിന്നീട് ഉത്തരവാദിത്തപ്പെട്ട ഒട്ടേറെ നേതാക്കളും സിപിഎം ജനപ്രതിനിധികളും ആക്രമണം ഏറ്റെടുത്തുവെന്നും പരാതിയിൽ പറയുന്നു. എം.വി.ജയരാജൻ, കാരായി രാജൻ, ബൈജു നങ്ങരാത്ത്, നിധീഷ് ചെല്ലത്ത് തുടങ്ങിയ നേതാക്കളാണ് തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിനു തുടക്കമിട്ടതെന്നും രേഷ്മ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ മോശമായി ഉപയോഗിച്ചു. വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും പൊലീസ് സ്റ്റേഷനിൽ നിന്നാണ് പുറത്തായതെന്നു സംശയിക്കുന്നു. താനും കുടുംബവും ഭർത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണ്. പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരുമാണ്. തന്റെയും മകളുടെയും അമ്മയുടെയും ഫോണുകൾ മാഹി പൊലീസ് സ്റ്റേഷനിലാണ്. ഈ ഫോണുകളിൽ ഞങ്ങളുടെ സ്വകാര്യ ഫോട്ടോകളും വിഡിയോകളുമുണ്ട്. പ്രായപൂർത്തിയാകാത്ത മകളുടെ ഫോണും ഇത്തരത്തിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത് അവളെ വലിയ മാനസിക സമ്മർദത്തിലാക്കിയിട്ടുണ്ട്.
മകൾക്ക് പഠനാവശ്യത്തിന് ഈ ഫോൺ ആവശ്യമായ ഘട്ടത്തിലാണ് പൊലീസ് അനധികൃതമായി ഫോൺ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിൽ തനിക്കു ലഭിക്കേണ്ട സ്വാഭാവിക നീതി തടഞ്ഞവർക്കെതിരെയും സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട ചട്ടങ്ങൾ പാലിക്കാതിരുന്ന ന്യൂ മാഹി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും രേഷ്മ പരാതിയിൽ ആവശ്യപ്പെടുന്നു. അങ്ങയുടെ അയൽവാസികൂടിയായ തനിക്കും തന്റെ കുടുംബത്തിനുമെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.