കോഴിക്കോട് : മെഡിക്കൽ കോളേജിൽകോവിഡ് ഇതര വാർഡിലെ ഒരു രോഗിക്ക് കോവിഡ് പോസിറ്റീവായതോടെ അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ഒമ്പത് ഡോക്ടർമാർ കൂടി ക്വാറന്റീനിൽ ആയി. മെഡിസിൻ വാർഡിൽ ആറുദിവസം മുമ്പ് പക്ഷാഘാതത്തെത്തുടർന്ന് പ്രവേശിപ്പിച്ച അറുപതുകാരനാണ് ചൊവ്വാഴ്ചത്തെ പരിശോധനഫലം പോസിറ്റീവായത്. രോഗിയെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. വാർഡിലുള്ള ബാക്കി 13 രോഗികളെയും കൂടുതൽ നിരീക്ഷണം നടത്തി വാർഡ് അണുവിമുക്തമാക്കി. എൻഡോസ്കോപ്പി തുടങ്ങിയ ചികിത്സ നൽകിയതിനെത്തുടർന്ന് അടുത്തസമ്പർക്കം പുലർത്തിയ ഡോക്ടർമാരാണ് ക്വാറന്റീനിൽ പോയത്. അഡ്മിഷൻ അത്യാവശ്യമുള്ള രോഗികൾമാത്രം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നതാണ് നല്ലതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.