വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്:  അഫാന്റെ കുടുംബം വൻതുക പലിശ നൽകിയതിന് തെളിവുകൾ, സാമ്പത്തികക്കുറ്റം കൂടി ഉൾപ്പെടുത്തി പുതിയ കേസ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്: അഫാന്റെ കുടുംബം വൻതുക പലിശ നൽകിയതിന് തെളിവുകൾ, സാമ്പത്തികക്കുറ്റം കൂടി ഉൾപ്പെടുത്തി പുതിയ കേസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷണത്തിൽ സാമ്പത്തികക്കുറ്റം കൂടി ഉൾപ്പെടുത്തി പുതിയ കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. പ്രതി അഫാന്റെ കടബാധ്യത, കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് നിലവിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അഫാന്റെ കുടുംബം സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും പണം കടം വാങ്ങിയതിന്റെ വിവരങ്ങൾ പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. പലിശ ഇനത്തിൽ ഇവർ അഫാന്റെ കുടുംബത്തിൽനിന്ന് വൻതുക ഈടാക്കിയെന്ന വിവരത്തെ തുടർന്നാണ് പുതിയ കേസ് റജിസ്റ്റർ ചെയ്യാൻ നീക്കം.

പ്രതിമാസം വലിയതുക പലിശ ഇനത്തിൽ അഫാന്റെ കുടുംബം നൽകിയിട്ടുണ്ടെന്ന രേഖകളും പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. മൂന്നാംഘട്ട തെളിവെടുപ്പിനായി അഫാനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന വെഞ്ഞാറമൂട് പൊലീസിന്റെ അപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നാളെ വിധി പറയും. അഫാന്റെ സഹോദരൻ അഫ്സാൻ, അഫാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് നിലപാട്.

അതേസമയം, പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യസ്ഥിതി ഇനിയും മെച്ചപ്പെട്ടിട്ടില്ല. നാളെ വീണ്ടും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഡോക്ടർ എത്തി പരിശോധിച്ചിരുന്നു. ആഹാരം കഴിക്കുന്നതിനു ഷെമിക്ക് ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണെന്നാണ് ഡോക്ടർ പറയുന്നത്. അഫാനെ കാണാൻ ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായി ഇവരെ സന്ദർശിച്ച ബന്ധുക്കൾ പറഞ്ഞു.

അതിനിടെ, കുടുംബത്തിനു വലിയ സാമ്പത്തിക ബാധ്യയുണ്ടെന്ന വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് അഫാന്റെ പിതാവ് അബ്ദുൽ റഹീം പൊലീസിനോട് ആവശ്യപ്പെട്ടു. തെളിവെടുപ്പിന്റെ ഭാഗമായി ഇന്നലെ കിളിമാനൂർ എസ്എച്ച്ഒ ബി. ജയൻ അബ്ദുൽ റഹീമിനെ വിവര ശേഖരണത്തിനായി കിളിമാനൂർ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

Leave a Reply..

Back To Top
error: Content is protected !!