തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കൂട്ടക്കുരുതിയുടെ വിവരങ്ങൾ തുറന്നുപറഞ്ഞതിന് ശേഷമാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ പോലിസിനോട് വെളിപ്പെടുത്തിയത്. ഇനി എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചുവെന്നും മൊഴിയിൽ പറയുന്നുവെന്നാണ് വിവരം.
മാതാവ് ഷെമിയെയാണ് പ്രതി അഫാൻ ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെ ഷെമിയുടെ കഴുത്തിൽ ഷാൾ ചുറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മരിച്ചെന്നുകരുതി മുറി പൂട്ടിയശേഷമാണ് ബാക്കി കൊലപാതകങ്ങൾക്കുള്ള ഒരുക്കങ്ങൾ അഫാൻ നടത്തിയത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി പണയത്തിനു സ്വർണം കൊണ്ടുവരാമെന്നു പറഞ്ഞ് 1,400 രൂപ കടം വാങ്ങുകയും ബാഗ്, ചുറ്റിക, എലിവിഷം എന്നിവ മൂന്നുകടകളിൽനിന്നു വാങ്ങി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മാതാവ് മരിച്ചിട്ടില്ലെന്നു കണ്ടത്. തുടർന്ന് ഷെമിയെ ചുറ്റിക ഉപയോഗിച്ച് അടിച്ചുവീഴ്ത്തി.
പിന്നീട് അഫാൻ പാങ്ങോട്ടുള്ള മുത്തശ്ശി സൽമാ ബീവിയുടെ വീട്ടിലെത്തി. മുത്തശ്ശിയുടെ തലയ്ക്കടിച്ചുവീഴ്ത്തി മാല പൊട്ടിച്ചെടുത്തു. തിരിച്ച് വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തിലെത്തി 74,000 രൂപയ്ക്ക് പണയംവെച്ചു. ഇതിനുശേഷമാണ് പിതൃസഹോദരൻ ലത്തീഫിന്റെ വീട്ടിലെത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തിയത്. തുടർന്ന് വെഞ്ഞാറമൂട്ടിലെ ബാറിലെത്തി മദ്യപിച്ചതിനുശേഷം വീട്ടിലേക്കുപോയി. ഈ സമയത്താണ് ഫർസാനയെ സ്വന്തം വീട്ടിലേക്കു വിളിച്ചുവരുത്തിയത്. ഫർസാനയെ കൊലപ്പെടുത്തിയശേഷം താൻ വിഷം കഴിച്ചതായാണ് അഫാന്റെ മൊഴി. പിന്നീട് വീട്ടിലെത്തിയ അനിയൻ അഫ്സാനെയും അഫാൻ കൊലപ്പെടുത്തി. നിലവിൽ മുത്തശ്ശി സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പോലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.