എടവണ്ണപ്പാറ: മലപ്പുറത്ത് 20 കോടിയുമായി മുങ്ങിയ ദമ്പതികള്‍ കീഴടങ്ങി. ഓഹരി നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ദമ്പതികളാണ് വാഴക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. വലിയപറമ്പ് സ്വദേശി നാസര്‍, ഭാര്യ ആക്കോട് സ്വദേശി സാജിത എന്നിവരാണ് കീഴടങ്ങിയത്. ഇവരെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2020 ആഗസ്റ്റിലാണ് നിക്ഷേപകര്‍ വാഴക്കാട് പോലീസില്‍ പരാതി നല്‍കിയത്. 2013ല്‍ എടവണ്ണപ്പാറയില്‍ സ്ഥാപിച്ച ഇന്ത്യ ഇന്‍ഫോലൈന്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ പേരിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.നിക്ഷേപകരില്‍ ചിലര്‍ക്ക് ലാഭവിഹിതം ലഭിക്കാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഓഫീസ് പൂട്ടി മുങ്ങുകയായിരുന്നു.മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിരവധിയാളുകളില്‍ നിന്നായി ഇവര്‍ നിക്ഷേപം സ്വീകരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രതികളെ സംബന്ധിച്ച് വാഴക്കാട് എസ്.ഐ സുബീഷ് മോന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു.