സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് കേരളത്തിലെ പതിനാല് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ,കോഴിക്കോട് ,വയനാട് , കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് – ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനം കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകും.സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.