കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാന്‍ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ച കോടതി, കേസില്‍ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷിച്ചു. ദുൽഖറിന്‍റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.
ദുൽഖറിൽ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. ആ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നു. വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസ് ആക്ട് പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതേസമയം, കസ്റ്റംസ് അഭിഭാഷകനോട് കോടതി ചില ചോദ്യങ്ങള്‍ ഉയര്‍ത്തി. വർഷങ്ങളായി ഒരാളുടെ കൈവശമുള്ള വാഹനമാണ് പിടിച്ചെടുത്തത്. പല കൈകളിലൂടെ കൈമാറി വന്ന വാഹനമാണ് ഇത്. ഒടുവിൽ എത്തിയ ഉടമയാണ് ദുൽഖർ സൽമാന്‍. ആരാണ് ഇതിൽ യഥാർത്ഥ ഉത്തരവാദി എന്നും കോടതി ചോദിച്ചു. ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത് എന്നും കോടതി ചോദിച്ചു. ഓരോ വണ്ടിയുടെയും വിവരങ്ങൾ പ്രത്യേകം പറയണം വിവരങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നും കോടതി കസ്റ്റംസിനോട് നിര്‍ദേശിച്ചു.
അന്വേഷണം തുടരുന്നതിനാൽ ദുല്‍ഖര്‍ സല്‍മാന്‍റെയും അമിത് ചക്കാലക്കലിന്‍റെയും ലാന്‍റ് റോവര്‍ വാഹനങ്ങള്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്. പല വാഹനങ്ങളും സംസ്ഥാനം വിട്ടതോടെ രണ്ടാഴ്ചക്കുശേഷവും കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ അന്വഷണസംഘത്തിന് സാധിച്ചിട്ടില്ല.
ദുൽഖറിനെ കൂടി കേട്ട ശേഷം അന്വേഷണ വിവരങ്ങൾ കൂടി പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം. വാഹനം വിട്ട് നൽകാൻ കഴിയില്ലെങ്കിൽ അക്കാര്യം വിശദമാക്കി ഉത്തരവായി ഇറക്കാനും ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു.

