തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ വിവാദ പരാമർശം നടത്തിയ മുരളീധരനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് പരാമർശം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. ഐപിസി 354 എ, 509 വകുപ്പുകൾ പ്രകാരമാണ് കേസ്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് എംപിക്കെതിരെ കേസെടുത്തത്.
ആര്യ രാജേന്ദ്രനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ പരാമർശങ്ങൾ മേയർക്ക് മാനസിക പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എന്നാൽ മേയർക്ക് പക്വത ഇല്ലെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. സൗന്ദര്യമുണ്ടെന്ന പരാമർശത്തിൽ അശ്ലീലമില്ലെന്നും എം പി കൂട്ടിച്ചേർത്തു. അതേസമയം മുരളീധരനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. സ്ത്രീകളെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം. അതിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി. ഇതിന് പിന്നാലെ നൽകിയ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.