കോഴിക്കോട്: ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നിപ നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് വിഭാഗത്തിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നിപ രോഗ വ്യാപനം നിയന്ത്രണവിധേയമായെന്ന് മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു. സമ്പർക്ക പട്ടിയയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാകുന്നത് ആശ്വാസം നൽകുന്നുവെന്നും എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ അയവു വരുത്തില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയോടെ ചാത്തമംഗലം മുതൽ കൊടിയത്തൂർ വരെയുള്ള കണ്ടെയ്ൻമെന്റ് സോണുകളിലെ ഹൗസ് സർവേയൻസ് പൂർത്തിയായെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങൾ കൂടി സർവെയൻസിനിടെ പരിശോധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി അത്തരം അസ്വാഭാവിക മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.