തിരുവനന്തപുരം: ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് എന്ന് സംശയിച്ച് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞിരിക്കാമെന്നാണ് വിജിലൻസ സംശയിക്കുന്നത് . ഹൈദരാബാദിൽ നാഗേഷ് എന്നയാളുടെ അടുത്ത് പാളികൾ എത്തിച്ചതിലും, ഒരു വരുമാനവും ഇല്ലാത്ത പോറ്റി തുടർച്ചയായി നടത്തിയ വഴിപാടുകളിലും ലക്ഷങ്ങളുടെ സംഭവനയിലും സ്പോൺസർഷിപ്പുകളിലും വിജിലൻസിന് സംശയമുണ്ട്.
ശബരിമല സ്വർണ കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ പ്രതികളെ പ്രത്യേക അന്വേഷണസംഘം ഉടൻ കസ്റ്റഡിയിലെടുത്തേക്കും എന്നാണ് വിവരം. ശബരിമല സന്നിധാനത്തും ബംഗളൂരുവിലും ഉൾപ്പെടെ എത്തി നിർണായ വിവരങ്ങൾ എസ് ഐ ടി ശേഖരിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട സ്വർണം വേഗം കണ്ടെത്തുക, ദ്വാരപാലക പാളികൾ വ്യാജമായി നിർമ്മിച്ചത് എവിടെ എന്ന് കണ്ടെത്തുക എന്നിവയ്ക്കാണ് ആദ്യഘട്ട അന്വേഷണത്തിൽ പ്രാധാന്യം നൽകുന്നത്. അതിനിടെ, പത്തനംതിട്ടയിൽ എസ്.ഐ.ടി ഇന്ന് ക്യാമ്പ് ഓഫീസ് തുറന്നേക്കും. റാന്നി കോടതിയിൽ എഫ്ഐആറും സമർപ്പിക്കും.
