തൃശൂര്‍ കുന്നംകുളത്ത് അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒറീസ സ്വദേശിയായ 18കാരന് കുത്തേറ്റ് മരിച്ചു, തർക്കം ഉണ്ടായത് മദ്യലഹരിയിൽ
തൃശ്ശൂര്‍: അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. തൃശ്ശൂർ കുന്നംകുളത്താണ് സംഭവം.ഒറീസ സ്വദേശി പിന്റു (18) ആണ് മരിച്ചത്. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
അതിഥി തൊഴിലാളികൾ എല്ലാവരും ഒരുമിച്ച് താമസിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. ചീട്ടുകളിച്ച്മദ്യപിക്കുന്നതിനിടെ ഒന്നും രണ്ടും പറഞ്ഞ് വഴക്കുണ്ടാക്കുകയായിരുന്നു. വാക്ക് തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.മദ്യപിക്കുന്നതിനിടെ സംഘത്തിലെ ഒരാൾ ബിയര്‍ കുപ്പി പൊട്ടിച്ച് പിന്റുവിന്റെ ശരീരമാകെ കുത്തുകയായിരുന്നു. പരിക്കേറ്റ പിന്റുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ കുന്നംകുളം പൊലീസ് കേസെടുക്കുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവർ ആറു പേരടങ്ങുന്ന സംഘമായിരുന്നു. അതിൽ 4 പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പൊലീസിനെ കണ്ടതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ആള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ ആറ് പേരിൽ ഒരാളാണ് പരിക്കേറ്റ പിന്റുവിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.
