ഫ്ളോറിഡ: ക്ലാസ് മുറിയിലിരുന്ന് പതിമൂന്നുകാരൻ ചാറ്റ്ജിപിടിയോട് ചോദിച്ചത് തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താമെന്നാണ്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലാക്കി. അതേസമയം, താൻ തമാശക്കാണ് അത്തരമൊരു ചോദ്യം ചാറ്റ് ജിപിടിയോട് ചോദിച്ചതെന്നാണ് പതിമൂന്നുകാരൻ പറയുന്നത്. അമേരിക്കയിലെ ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം. സ്കൂളിലെ കംപ്യൂട്ടറിലൂടെയാണ് പതിമൂന്നുകാരൻ ചാറ്റ് ജിപിടിയുമായി ആശയവിനിമയം നടത്തിയത്.
സ്കൂളിലെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. ‘‘ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം?’’. നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ കാമ്പസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി.
പിന്നാലെ ഉദ്യോഗസ്ഥൻ എത്തി വിദ്യാർത്ഥിയെ ചോദ്യം ചെയ്തു. താൻ തമാശക്കായി ചെയ്തതാണെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥനു നൽകിയ മൊഴി. എന്നാൽ സ്കൂൾ അധികൃതരും പൊലീസ് ഉദ്യോഗസ്ഥനും സംഭവത്തെ തള്ളിക്കളഞ്ഞില്ല. വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി.

