ദോഹ: ഖത്തറിലേക്ക് കുടിയേറി വന്ന മൈനകളെ കൊണ്ട് പൊറുതിമുട്ടി അധികൃതർ. ഖത്തറിലേക്ക് കുടിയേറി എത്തിയ മൈനകൾ തിരികെ മടങ്ങാതെ രാജ്യത്ത് തന്നെ തുടരുന്നത് ആവാസ വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ദോഷകരമാകുന്ന സാഹചര്യത്തിലാണ് ഇവയെ തുരത്താൻ അധികൃതർ കടുത്ത നടപടികൾ സ്വീകരിച്ചു വരുന്നത്. ഈ സാഹചര്യത്തിൽ മൈനകളെ തുരത്താൻ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.
പൊതുജനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ ഇവയാണ്;
മൈനകളെ കൂട്ടമായി കാണുകയോ അവ കൂടുകെട്ടുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം. ഇതിലൂടെ വിദഗ്ധ സംഘത്തിന് മൈനകളുടെ വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും.
താമസക്കാർമൈനകൾക്ക് ഭക്ഷണം നൽകരുത്. തുറസ്സായ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകിയ ശേഷം അവശേഷിക്കുന്നവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മാലിന്യനിക്ഷേപ പെട്ടികൾ മൂടി വയ്ക്കുകയും വേണം. വീടിന്റെ ഭിത്തികളിലും മേൽക്കൂരകളിലും സമീപത്തെ മരങ്ങളിലും മൈനകൾക്ക് കൂടുകൂട്ടാനുള്ള സാധ്യതയില്ലെന്ന് ഉറപ്പാക്കണം.
ഭിത്തികളിലെയും മേൽക്കൂരകളിലെയും ദ്വാരങ്ങൾ അടയ്ക്കുന്നതും മരങ്ങളിലെ ഉണങ്ങിയ ചില്ലകൾ നീക്കുന്നതും ഇവ കൂടു വയ്ക്കുന്നത് തടയാൻ സഹായകമാകും.
മൈനകളെ പിടികൂടാനായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കൂടുകളും കെണികളും പൊതുജനങ്ങൾ നശിപ്പിക്കുകയോ തുറക്കുകയോ ചെയ്യരുത്. പിടികൂടിയ പക്ഷികളെ ഉചിതമായ രീതിയിൽ വിദഗ്ധ സംഘം കൈകാര്യം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
മൈനകളെ പിടിക്കാൻ രാജ്യമൊട്ടാകെ കൂടുകളും കെണികളും സ്ഥാപിച്ച് പ്രത്യേക പദ്ധതി തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. മൈനയുടെ വ്യാപനം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവയുടെ എണ്ണം നിയന്ത്രിക്കുന്നതിനായും സംഘടിപ്പിച്ച കാമ്പയിനിലാണ് പൊതുജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. വ്യാപനം തടയാൻ സഹായിക്കുന്നതിന് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഈ വിവരങ്ങൾ പങ്കിടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനോടകം പതിനായിരകണക്കിന് മൈനകളെയാണ് കെണി വെച്ച് പിടികൂടിയത്.

