മലപ്പുറം: പോപ്പുലർ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന് ‘അല്ലാഹു സ്വർഗം നല്കട്ടെ’യെന്ന് സിപിഎം നേതാവിന്റെ കമന്റ്. വഴിക്കടവ് ലോക്കൽ കമ്മിറ്റി അംഗം സർഫുദ്ദീൻ കറളിക്കാട് ആണ് കമന്റ് ചെയ്തത്. സിപിഎം വഴിക്കടവ് മണിമൂളി ബ്രാഞ്ച് സെക്രട്ടറി കൂടിയായ സർഫുദ്ദീനെതിരെ സിപിഎം ലോക്കൽ കമ്മിറ്റി താക്കീത് നൽകി.
പോപുലർ ഫ്രണ്ട് പാലക്കാട് എലപ്പുള്ളിപ്പാറ ഏരിയാ പ്രസിഡന്റ് സുബൈറിനെ ആർ.എസ്.എസ് പ്രവർത്തകർ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പോപുലർ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പേജിൽ വന്ന ‘ഏരിയാ പ്രസിഡന്റിനെ വെട്ടികൊലപ്പെടുത്തിയ ആർ.എസ്.എസ് ഭീകരതയിൽ പ്രതിഷേധിക്കുക’ എന്ന പോസ്റ്റിലാണ് സർഫുദ്ദീൻ കമന്റ് ചെയ്തത്. ‘അള്ളാഹു സ്വർഗം നൽകട്ടെ’ എന്നായിരുന്നു സർഫുദ്ദീൻ കറളിക്കാടിന്റെ സർഫുദ്ദീൻ സറഫു എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ള കമന്റ്. പി.വി അൻവർ എംഎൽഎയുടെ അടുത്ത അനുയായിയാണ് സർഫുദ്ദീൻ.
ഫേസ്ബുക്ക് പോസ്റ്റിൽ സിപിഎം വിശദീകരണം തേടിയപ്പോൾ ഏഴു വയസുകാരിയായ മകൾ അബദ്ധത്തിൽ പോസ്റ്റ്ചെയ്തതെന്നായിരുന്നു സർഫുദ്ദീന്റെ മറുപടി. ഇത് വിശ്വാസയോഗ്യമല്ലെന്നും കർശന നടപടി വേണമെന്നും ലോക്കൽ കമ്മിറ്റിയിൽ ആവശ്യമുയർന്നെങ്കിലും നേതൃത്വം താക്കീതിൽ ഒതുക്കുകയായിരുന്നു.