വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് അഖിലേന്ത്യ വ്യക്തിനിയമ ബോർഡിന്റെ സ്ത്രീ സംഘടനയായ ആൾ ഇന്ത്യ മുസ്ലീം വിമെൻ പേഴ്സണൽ ലോ ബോർഡ്. സ്കൂളുകൾ അനുശാസിക്കുന്ന വസ്ത്രമാണ് നിർബന്ധമായും വിദ്യാർത്ഥികൾ പിന്തുടരേണ്ടതെന്ന് ബോർഡ് അദ്ധ്യക്ഷ ഷിസ്ത അമ്പാർ പറഞ്ഞു. എല്ലാറ്റിനും മുകളിലാണ് നമ്മുടെ ഭരണഘടനയും നീതിപീഠവുമെന്നും അവർ പ്രതികരിച്ചു.
രാജ്യത്ത് നീതിന്യായ വ്യവസ്ഥയും ഭരണഘടനയുമാണ് ഏറ്റവും വലുത്. സ്കൂളുകൾക്ക് അവരുടേത് ആയ വസ്ത്രധാരണ രീതിയുണ്ടെങ്കിൽ അതാണ് വിദ്യാർത്ഥികൾ പാലിക്കേണ്ടത്. വിദ്യാഭ്യാസത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. ഇസ്ലാം വിശ്വാസത്തിൽ വിദ്യാഭ്യാസത്തിനാണ് പ്രഥമ പരിഗണനയെന്നും അമ്പാർ വ്യക്തമാക്കി.
ഇന്നലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് ഏർപ്പെടുത്തിയ നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഹിജാബ് ഇസ്ലാം മതാചാരാത്തിന്റെ അവിഭാജ്യ ഘടകം അല്ലെന്നും,അതുകൊണ്ട് തന്നെ നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമായി കാണാൻ സാധിക്കില്ലെന്നും നിരീക്ഷിച്ചുകൊണ്ടായിരുന്നു ഉത്തരവ്. ഇതിനെതിരെ അഖിലേന്ത്യ വ്യക്തിനിയമ ബോർഡ് ഉൾപ്പെടെ നിരവധി ഇസ്ലാമിക സംഘടനകളും വ്യക്തികളും രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ആൾ ഇന്ത്യ മുസ്ലീം വിമെൻ പേഴ്സണൽ ലോ ബോർഡ് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്.