പിഞ്ചുകുഞ്ഞിനെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. പൂനെ വെൽഹെ താലൂക്കിലെ കഡ്വെ സ്വദേശിയായ സഞ്ജയ് ബബൻ കട്കറെയാണ് മരണം വരെ തൂക്കിലേറ്റാൻ കോടതി ഉത്തരവിട്ടത്. വീടിന്റെ മുമ്പിൽ കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
വെൽഹെ പോക്സോ കേസുകൾ കൈകാര്യംചെയ്യുന്ന പുണെയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷവിധിച്ചത്. 2021 ഫെബ്രുവരി 15 -നായിരുന്നു കേസിന് ആസ്പദമായ സംഭവം. വീടിന്റെ മുൻവശത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ വെൽഹെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരാൾ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി.
തൊട്ടടുത്ത ദിവസം, മാൽഖേഡിനും തോപ്തേ വാഡിക്കും ഇടയിലുള്ള റോഡിലെ ഒരു കലുങ്കിനുള്ളിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. റായ്ഗഡ് ജില്ലയിലെ ഒരു ഇഷ്ടിക ചൂളയിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതി സഞ്ജയ് കട്കറെ 48 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തു.