ഭോപ്പാൽ : കല്യാണം ഉറപ്പിച്ച ശേഷവും മറ്റൊരു സ്ത്രീയുമായി ചാറ്റിംഗ് തുടർന്ന മകനെ മാതാപിതാക്കളും സഹോദരിയും ചേർന്ന് തല്ലിക്കൊന്നു. ജോലിയ്ക്കൊന്നും പോകില്ലെന്ന് മാത്രമല്ല കുടുംബത്തിന് അപമാനം കൂടിയാകുമെന്ന് തോന്നിയതോടെയായിരുന്നു ഈ ക്രൂരകൃത്യം .
മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലാണ് സംഭവം. 25കാരൻ രാമകൃഷ്ണ സിങാണ് കൊല്ലപ്പെട്ടത്. കാണാതായി മൂന്നാം ദിവസമാണ് പുഴയിൽ മൃതദേഹം പൊങ്ങിയത്
കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാർ തന്നെയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്.പിതാവ് ഭീമാന്‍ സിങ്ങും മാതാവ് ജമുനാബായിയും സഹോദരി കൃഷ്ണബായിയും കുറ്റം സമ്മതിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ജോലിക്കൊന്നും പോകാതെ മകൻ എപ്പോഴും മൊബൈൽ ഫോണിൽ സമയം ചെലവിടുന്നതിന് വീട്ടുകാർ താക്കീത് ചെയ്തിരുന്നു. വിവാഹം ഉറപ്പിച്ച ശേഷവും മറ്റൊരു സ്ത്രീയുമായി ഇയാൾ ചാറ്റ് ചെയ്യുന്നതും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു . ഈ മാസം ആദ്യം ഇതേകുറിച്ച് തർക്കമായതോടെ മാതാപിതാക്കൾ യുവാവിന്റെ തല പിടിച്ച് ഭിത്തിയിൽ ഇടിപ്പിച്ചു. പിന്നാലെ കുഴഞ്ഞുവീണ മകൻ മരിച്ചെന്ന് മനസിലാക്കിയ മാതാപിതാക്കൾ കൈയ്യും കാലും കെട്ടി സഹോദരിയുടെ സഹായത്തോടെ മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു