കോഴിക്കോട്: അഞ്ചര കിലോ മുക്കുപണ്ടം ഫെബ്രുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ പലപ്പോഴായി ബാങ്കില്‍ പണയം വച്ച് ഒരുകോടി 69 ലക്ഷത്തി 51000 രൂപ തട്ടിയ കേസില്‍ നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ വയനാട് പുല്‍പ്പള്ളി ഇരുളം സ്വദേശി ബിന്ദു അറസ്റ്റിലായി. മുക്കുപണ്ട തട്ടിപ്പ് നടന്നത് യൂണിയന് ബാങ്ക് നഗരത്തിലെ ശാഖയിലാണ്. ടൗണ്‍ പൊലീസാണ്, ബ്യൂട്ടി പാര്‍ലര്‍ കൂടാതെ നഗരത്തില്‍ റെയ്മെയ്ഡ്, ടൈലറിംഗ് ഷോപ്പ് എന്നിവ നടത്തുന്ന ബിന്ദുവിനെ അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ ബിന്ദുവിന്റെ പേരില്‍ ചിട്ടിത്തട്ടിപ്പിന്റെ പേരിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയത് യൂണിയന് ബാങ്കിലെ ഓഡിറ്റിംഗിനിടയിലാണ്. സ്വന്തം അക്കൗണ്ടിലും മറ്റുള്ള ഏഴ് പേരുടെ അക്കൗണ്ടുകളിലുമായി 44 തവണ മുക്കുപണ്ടം പണയം വച്ച് ബിന്ദു പണം തട്ടിയതായി ടൗണ്‍ സിഐ എ.ഉമേഷ് വ്യക്തമാക്കി. പൊലീസിന്റെ പ്രാഥമിക നിഗമനം സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്. മുക്കുപണ്ടം വച്ച് ബിന്ദുവിന്റെ സ്ഥാപനത്തിലെ ജോലിക്കാരുടെ അക്കൗണ്ടിലും തട്ടിപ്പ് നടത്തിയതിനാല്‍ അവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.