കോഴിക്കോട്: കോവിഡ് കാലത്തും, കോവിഡാനന്തരവും ചെലവു കുറഞ്ഞ യാത്രാ സംവിധാനങ്ങൾ അവലംബിക്കേണ്ട ഈ കാലത്ത് പാസഞ്ചർ – മെമു സർവീസ് എക്സ്പ്രസ്സ് ആക്കി നിരക്കുകൾ പതിന്മടങ്ങ് വർദ്ധിപ്പിക്കുവാനും സ്റ്റോപ്പുകൾ കുറയ്ക്കാനുമുള്ള റെയിൽവേ ബോർഡ് അനുമതി പിൻവലിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോക്ടർ എ.വി. അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ.ചാക്കുണ്ണി, കൺവീനർ സൺഷൈൻ ഷോർണൂർ, കേരള റീജിയൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം.കെ.അയ്യപ്പൻ, കൺവിനർ പി. ഐ. അജയൻ എന്നിവർ റെയിൽവേ മന്ത്രിക്കും, ബോർഡ് ചെയർമാനും ഇ-മെയിൽ നിവേദനം വഴി ആവശ്യപ്പെട്ടു.
പ്രതിസന്ധിഘട്ടത്തിൽ പ്ലാറ്റ്ഫോം ടിക്കറ്റുകൾ ഗണ്യമായി ഉയർത്തിയും, സീസൺ ടിക്കറ്റ്, മുതിർന്നവർക്കുള്ള യാത്ര അനുകൂല്യങ്ങൾ നിഷേധിച്ചും പാസഞ്ചർ – മെമു മിനിമം നിരക്ക് 10 രൂപയിൽ നിന്ന് എക്സ്പ്രസ്സ് ആകുന്ന തോടുകൂടി 35 – 40 രൂപയായി ഉയർത്തുന്നത് യാത്രക്കാർക്ക് ഇരുട്ടടിയും വെല്ലുവിളിയും നീതിക്ക് നിരക്കാത്തതുമാണ് എന്നും അവർ അഭിപ്രായപ്പെട്ടു. റെയിൽവേ ജീവനക്കാർക്ക് മാത്രമായി ആനുകൂല്യങ്ങൾ പരിഗണിക്കപ്പെടുന്നത് വിവേചനം ആണെന്നും അവർ ചൂണ്ടിക്കാട്ടി. പൊതുഗതാഗതം ദേശീയതലത്തിൽ തുറന്നു കൊടുത്തിട്ടും ഇതര സംസ്ഥലങ്ങളിൽ തീവണ്ടി ഗതാഗതം പുനർ ആരംഭിച്ചിട്ടും കേരളത്തിനകത്ത് മാത്രം പാസഞ്ചർ – മെമു സർവീസ് ആരംഭിക്കാത്തതും, കേരളത്തിലൂടെ ഓടുന്ന ദീർഘ ദൂര സ്പെഷ്യൽ ട്രെയിനുകളിൽ റിസർവേഷൻ മാത്രം അനുവദിക്കുന്നതും കേരളത്തിനകത്ത് യാത്രക്കാരെ പീഡിപ്പിക്കുന്ന നടപടിയാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഈ കാര്യത്തിൽ സംസ്ഥാന സർക്കാരും, ജനപ്രധിനിധികളും, റെയിൽവേ മന്ത്രലയത്തിലും, റെയിൽവേ ബോർഡിലും സമർദ്ദം ചെലുത്തണമെന്ന് അഭ്യർത്ഥിച്ചു.