തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.ബിജു (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 8.15ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. കടുത്ത പ്രമേഹവും നില വഷളാക്കി. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായിരുന്ന ബിജു. ശാരീരിക പരിമിതികള്‍ പോലും മറികടന്നായിരുന്നു ആര്‍ട്സ് കോളജിലെ സാധാരണ പ്രവര്‍ത്തകനില്‍ നിന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വരെയുള്ള വളര്‍ച്ച. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഉപാധ്യക്ഷ പദത്തിലേക്ക് എത്തുന്നത്.