തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ഒരു ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരാണ് സംശയാസ്പദമായ സാഹചര്യത്തിൽ ബാഗ് കണ്ടെത്തിയത്.
രാവിലെ പാർക്കിംഗ് ഏരിയയിൽ പരിശോധന നടത്തുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുരക്ഷാ ജീവനക്കാർ ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞാണെന്നും മരണശേഷം ഇവിടെ ഉപേക്ഷിച്ചതാകാമെന്നുമാണ് പ്രാഥമിക നിഗമനം.
ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയവരാകാം മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുരക്ഷാ ക്രമീകരണങ്ങളുള്ള ഈ ഭാഗത്തേക്ക് ആശുപത്രിയുമായി ബന്ധമില്ലാത്തവർക്ക് പ്രവേശിക്കുക പ്രയാസകരമായതിനാലാണ് ഇത്തരമൊരു സംശയം ബലപ്പെടുന്നത്.
