Headlines

ജി.സുധാകരന് സീറ്റില്ല; പാലക്കാട് സരിൻ, തൃപ്പൂണിത്തുറയിൽ സ്വരാജ്

ജി.സുധാകരന് സീറ്റില്ല; പാലക്കാട് സരിൻ, തൃപ്പൂണിത്തുറയിൽ സ്വരാജ്

കൊച്ചി : മുൻ മന്ത്രി ജി.സുധാകരൻ ഇത്തവണയും മത്സരിക്കാൻ സാധ്യതയില്ല. സുധാകരനെ മത്സരിപ്പിക്കേണ്ടതല്ലേ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചോദ്യമുണ്ടായി. സ്ഥാനാർഥി നിർണയത്തിനു മാനദണ്ഡങ്ങളുണ്ടെന്നും അതുപ്രകാരം മാറ്റിനിർത്തിയവരെപ്പറ്റി ചർച്ച വേണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി.

ചെങ്ങന്നൂരിൽ സജി ചെറിയാൻ, മാവേലിക്കരയിൽ എം.എസ്.അരുൺകുമാർ, അമ്പലപ്പുഴയിൽ എച്ച്.സലാം, ആലപ്പുഴയിൽ പി.പി.ചിത്തരഞ്ജൻ എന്നീ സിറ്റിങ് എംഎൽഎമാരുടെ പേര് വീണ്ടും നിർദേശിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ പേര് അരൂരിലേക്കും കായംകുളത്തേക്കും നിർദേശിച്ചിട്ടുണ്ട്. അരൂരിൽ ദലീമ ജോജോയുടെ പേരുമുണ്ട്. കായംകുളത്തു യു.പ്രതിഭ, കെ.എച്ച്.ബാബുജാൻ എന്നിവരുടെ പേരുകളാണു നിർദേശിച്ചത്.

എറണാകുളം ജില്ലയിൽ മുൻ മേയർ എം.അനിൽകുമാറിനെ തൃപ്പൂണിത്തുറയിലും എറണാകുളത്തും പരിഗണിക്കുന്നു. കോതമംഗലത്ത് ആന്റണി ജോൺ, കൊച്ചിയിൽ കെ.ജെ.മാക്സി, കളമശേരിയിൽ മന്ത്രി പി.രാജീവ്, കുന്നത്തുനാട്ടിൽ പി.വി.ശ്രീനിജിൻ, വൈപ്പിനിൽ കെ.എൻ.ഉണ്ണികൃഷ്ണൻ എന്നീ സിറ്റിങ് എംഎൽഎമാർ സ്ഥാനാർഥികളാകും.

തൃപ്പൂണിത്തുറ, ആലുവ, എറണാകുളം, തൃക്കാക്കര സീറ്റുകളിലേക്കു സ്ഥാനാർഥികളുടെ പാനൽ തയാറാക്കി. തൃപ്പൂണിത്തുറയിൽ മുൻ എംഎൽഎ എം.സ്വരാജ്, മുൻ മേയർ എം.അനിൽകുമാർ, കെ.എസ്.അരുൺകുമാർ എന്നിവർ പട്ടികയിലുണ്ട്. ഇതിനു പുറമേയാണ് അനിൽകുമാറിനെ എറണാകുളത്തും പരിഗണിക്കുന്നത്. ബിജെപി വിട്ടുവന്ന എ.കെ.നസീറിന്റെ പേരാണ് ആലുവയിലേക്കു നിർദേശിച്ചിട്ടുള്ളത്. തൃക്കാക്കരയിൽ ഏരിയ സെക്രട്ടറി എ.ജി.ഉദയകുമാർ, നഗരസഭാ മുൻ വൈസ് ചെയർമാൻ ടി.കെ.എൽദോ എന്നിവരുടെ പേരാണ് ഉയർന്നിട്ടുള്ളത്. ‌

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തുടർച്ചയായി 5 വട്ടം ജയിച്ച പറവൂരിൽ ശക്തമായ മത്സരം നൽകാൻ സിപിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വച്ചുമാറ്റത്തിനു തയാറല്ലെന്നു സിപിഐ പ്രതികരിച്ചിട്ടുണ്ടെങ്കിലും പറവൂരിൽ സ്ഥാനാർഥിയെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. പറവൂർ സിപിഐ വിട്ടുനൽകിയാൽ ആലുവ പകരം നൽകാനാണ് ആലോചന.

പാലക്കാട് നിയേ‍ാജകമണ്ഡലത്തിൽ പി.സരിനെ സ്ഥാനാർഥിയാക്കാൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. കേ‍ാൺഗ്രസിൽനിന്നു സിപിഎമ്മിൽ എത്തിയ സരിൻ 2024ൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രസ്ഥാനാർഥിയായിരുന്നു.

ജില്ലയിൽ സിപിഎം മത്സരിക്കുന്ന 9 മണ്ഡലങ്ങളിൽ ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിലൊഴികെ നിലവിലെ എംഎൽഎമാരെ സ്ഥാനാർഥികളാക്കാനാണ് സെക്രട്ടേറിയറ്റ് നിർദേശം.

Leave a Reply..

error: Content is protected !!