കോഴിക്കോട്: കോവിഡ് -19 വ്യാപനം തടയുന്നതിനായി ജില്ലയുടെ പല ഭാഗങ്ങളിലായി ക്രമസമാധാന ചുമതല ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പ്രതിദിനം 2000 മിൽമ സംഭാരം നൽകി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് . കഴിഞ്ഞ പത്തു വർഷങ്ങളായി വേനൽക്കാലത്ത് കോഴിക്കോട് നഗരത്തിൽ പ്രതിദിനം 5000 സംഭാരപാക്കറ്റുകൾ ബാങ്ക് വിതരണം ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 15 വരെയാണ് പോലീസുദ്യോഗസ്ഥർക്ക് സംഭാവന നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടി പറഞ്ഞു. ആവശ്യമായി വരികയാണെങ്കിൽ സംഭാര വിതരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സംഭാര ത്തിന്റെ ആവശ്യമില്ലാത്ത സാഹചര്യത്തിലാണ് പൊരിവെയിലത്ത് നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകാൻ തീരുമാനിച്ചതെന്നും ബാങ്ക് അധികൃതർ അറിയിച്ചു.സംഭാരവിതരണത്തിന്റെ ഉദ്ഘാടനം സിറ്റി പോലീസ് ചീഫ് എ.വി. ജോർജ് നിർവഹിച്ചു. കോഴിക്കോട് അസിസ്റ്റൻറ് കമ്മിഷണർമാരായ എ.ജെ. ബാബു, എൽ. സുരേന്ദ്രൻ, ബാങ്ക് ജനറൽ സാജു ജെയിംസ് എന്നിവർ പങ്കെടുത്തു.
Report: ശ്രീജിത്ത് ശ്രീധരൻ


