തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കലക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സുഗതനുമേൽ കാപ്പ ചുമത്തിയ നടപടി റദ്ദാക്കിയത്. കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നൽകിയ ഹരജിയാണ് കോടതി അംഗീകരിച്ചത്.
ഇതോടെ സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാം. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്. സുഗതനെയും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെയും സംബന്ധിച്ചിടത്തോളം ആശ്വാസമേകുന്ന കോടതി വിധിയാണിത്.
അന്യായമായാണ് സുഗതനുമേൽ കാപ്പ ചുമത്തിയിരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ഹരജിയിൽ സുഗതന്റെ ഭാര്യ ഉന്നയിച്ചിട്ടുള്ള പ്രധാന വാദങ്ങൾ. സുഗതൻ നഗരസഭ കൗൺസിലിൽ പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനായി സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സുഗതന്റെ അറസ്റ്റെന്നും അവർ വാദിച്ചു.
കൂടാതെ, കാപ്പ കേസിൽ സുഗതന്റെ അറസ്റ്റ് നടന്നത് നിയമക്രമങ്ങൾ പാലിച്ചല്ലെന്നും അവർ ഹരജിയിൽ പറഞ്ഞിട്ടുണ്ട്. വട്ടിയൂർക്കാവ് സ്റ്റേഷനിൽ 11 കേസും നെടുമങ്ങാട് സ്റ്റേഷനിൽ ഒരു കേസുമാണ് സുഗതനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആറ് വധശ്രമക്കേസുകൾ, ഭീഷണിപ്പെടുത്തൽ, വഴിതടയൽ, പോലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകർക്കൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ആയുധം കൊണ്ട് മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കേസുകളാണ് സുഗതനെതിരെയുള്ളത്.
കാപ്പ കേസിൽ പ്രതിയായിരുന്ന സുഗതന് 2025ൽ കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ചത്. എന്നാൽ, കഴിഞ്ഞ മാർച്ചിൽ ക്ഷേത്രോൽസവത്തിലെ ഗാനമേളയോട് അനുബന്ധിച്ച് സിപിഎം പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ സുഗതനെതിരെ വീണ്ടും വധശ്രമത്തിന് കേസെടുക്കുകയായിരുന്നു.
സുഗതനെ കൂടാതെ സുഹൃത്തുക്കളായ മണികണ്ഠൻ, കിരൺ എന്നിവർക്ക് എതിരെയും കേസെടുത്തിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ ജൂൺ ഒമ്പതിനാണ് വീടുവളഞ്ഞ് സുഗതനെ പോലീസ് പിടികൂടിയത്. തുടർന്ന് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇ കേസുകളെല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്.
