ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് ജാമ്യമില്ല. ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കുറ്റപത്രം അടക്കം സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. താന്‍ അയ്യപ്പ ഭക്തനാണെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് ജാമ്യഹര്‍ജിയില്‍ ഗോവര്‍ധന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഗോവര്‍ധന്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയെന്ന് ആരോപിച്ചാണ് കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.
അതിനിടെ, സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന് നാളെ നിര്‍ണായകം. വാസുവിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി നാളെ വിധി പ്രസ്താവിക്കും. റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടി, സ്വാഭാവിക ജാമ്യം തേടിയാണ് വാസു കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയാണ് മുന്‍ ദേവസ്വം കമ്മീഷണറും മുന്‍ ദേവസ്വം പ്രസിഡന്റുമായ വാസു.

