Headlines

ധാതു ഇടനാഴിയും കടലാമ പരിചരണ കേന്ദ്രവും മാത്രം; ബജറ്റിൽ കേരളത്തിനു അവഗണന

ധാതു ഇടനാഴിയും കടലാമ പരിചരണ കേന്ദ്രവും മാത്രം; ബജറ്റിൽ കേരളത്തിനു അവഗണന

ന്യൂഡൽഹി: കേരളത്തിനു കാര്യമായ നേട്ടങ്ങളില്ലാതെ കേന്ദ്ര ബജറ്റ്. വേഗറെയിൽ ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിന് എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങളും ഉണ്ടായില്ല. നികുതി നിയമങ്ങളിൽ മാറ്റങ്ങളുമായാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. പുതിയ ആദായ നികുതി നിയമം ഈ വർഷം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നികുതി നിയമങ്ങൾ ലഘൂകരിക്കും.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗ റെയിൽ ഇടനാഴിയിൽ ഉൾപ്പെടുത്താതിരുന്നത് നിരാശയായി. മുംബൈ – പുണെ, പുണെ– ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി –വാരാണസി, വാരാണസി– സിലിഗുരി എന്നീ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെ കേരള എംപിമാർ ‘കേരളം, കേരളം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് പ്രതിഷേധിച്ചു. 12 പുതിയ ജലപാതകളിലും കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ധാതു ഇടനാഴിയിൽ മാത്രമാണ് കേരളമുള്ളത്. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ചേർത്താണ് ഇടനാഴി പ്രഖ്യാപിച്ചത്. കടലാമ പരിചരണത്തിന് കേരളത്തിൽ പ്രത്യേക കേന്ദ്രവും ബജറ്റിൽ പ്രഖ്യാപിച്ചു.

നികുതി ഇനത്തിലും ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. ജൂലൈ 31 വരെ റിട്ടേൺ സമർപ്പിക്കാം. പരിശോധനയ്ക്കു ശേഷവും ടാക്സ് റിട്ടേൺ വിവരം പുതുക്കാം. വിദേശയാത്രാ നികുതി 5 ശതമാനത്തിൽനിന്ന് 2 ശതമാനമാക്കി. പ്രവാസികളുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിനും നികുതി കുറയ്ക്കും. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് 5 ശതമാനത്തിൽനിന്ന് 2 ശതമാനമാക്കി കുറച്ചു. വരുമാനത്തെക്കുറിച്ച് തെറ്റായ വിവരം നൽകിയാൽ കടുത്ത ശിക്ഷയുണ്ടാകും. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതി ചുമത്തില്ല. ക്ലൗഡ് സർവീസുകൾക്ക് 2047 വരെ ടാക്സ് ഹോളിഡേ ആണ്. 17 അർബുദ രോഗ മരുന്നുകളുടെ നികുതിയും കുറയ്ക്കും.

error: Content is protected !!