കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ അംഗവുമായ കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നത് അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്ന് അന്വേഷണസംഘം.
കെ.പി. ശങ്കരദാസിന് ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘം നൽകുന്ന വിവരം. അദ്ദേഹത്തിന്റെ ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് അന്വേഷണസംഘം പരിശോധിപ്പിച്ചിരുന്നു. ഈ പരിശോധനയിൽ അദ്ദേഹത്തിന് നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ അറസ്റ്റ് നടപടികളിലേക്ക് കടക്കാത്തതെന്നാണ് ലഭിക്കുന്ന സൂചന. 2019-ലെ ദേവസ്വം ബോർഡ് അംഗങ്ങളിൽ ഇനി അറസ്റ്റിലാകാനുള്ളത് ശങ്കരദാസ് മാത്രമാണ്.
ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ഹൈക്കോടതി സിങ്കിൾ ബെഞ്ച് അതിരൂക്ഷമായ വിമർശനമാണ് ഡിസംബർ 19-ന് ഉന്നയിച്ചത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത ബോർഡ് അംഗങ്ങൾക്ക് ഒരുപോലെ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും അവരെ എന്തുകൊണ്ട് പ്രതിചേർക്കുന്നില്ലെന്നും കോടതി ചോദിച്ചിരുന്നു. കോടതിയുടെ ഈ കടുത്ത നിലപാടിന് പിന്നാലെയാണ് ഡിസംബർ 24-ന് കൊല്ലം വിജിലൻസ് കോടതിയിൽ ശങ്കരദാസിനെയും മറ്റൊരു അംഗമായ വിജയകുമാറിനെയും പ്രതിചേർത്തുകൊണ്ടുള്ള റിപ്പോർട്ട് അന്വേഷണസംഘം സമർപ്പിച്ചത്.
ഹൈക്കോടതി ജാമ്യാപേക്ഷയിൽ കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ളതിനാൽ, അറസ്റ്റ് നടപടികൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ എസ്ഐടിക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ചികിത്സയിൽ തുടരുന്ന ശങ്കരദാസിന്റെ ആരോഗ്യനില പരിശോധിച്ച ശേഷം മാത്രമേ അടുത്ത നീക്കങ്ങൾ ഉണ്ടാകൂ.

