തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. ഡിണ്ടിഗലിലെ വ്യവസായി ഡി.മണിയെയും സുഹൃത്ത് ബാലമുരുകനെയും ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്‌ഐടി ചോദ്യം ചെയ്യുന്നു. എഡിജിപി എച്ച്.വെങ്കടേഷ് എസ്‌ഐടി ഓഫിസില്‍ എത്തിയാണു ചോദ്യം ചെയ്യുന്നത്. ബാലമുരുകന്റെ ഭാര്യയും എസ്‌ഐടി ഓഫിസില്‍ എത്തിയിട്ടുണ്ട്. ഡിണ്ടിഗലില്‍ എത്തിയ അന്വേഷണ സംഘം ഡി.മണിയുടെ മൊഴി എടുത്തിരുന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റി ഉള്‍പ്പെടെ ആരെയും അറിയില്ലെന്നും ശബരിമലയില്‍ പോയിട്ടുണ്ടെന്നുമാണ് മണി പറഞ്ഞിരുന്നത്. എന്നാല്‍ എസ്‌ഐടി ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. ഇതേത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഡി.മണി തിരുവനന്തപുരത്ത് എത്തിയതും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയതും ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്.
ഡി.മണി ഉള്‍പ്പെടുന്ന സംഘം പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ കടത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്തു വച്ചാണ് പണം കൈമാറിയതെന്നും പ്രവാസി വ്യവസായി എസ്‌ഐടിയോടു വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അന്വേഷണം പുരാവസ്തുക്കടത്തു കേന്ദ്രീകരിച്ചു പുരോഗമിക്കുന്നത്. അന്വേഷണം തുടങ്ങി ഇത്രനാള്‍ കഴിഞ്ഞിട്ടും മോഷണമുതല്‍ ഉള്‍പ്പെടെ കണ്ടെത്താന്‍ കഴിയാത്തത് എസ്‌ഐടിയെ കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.

