തൃശൂർ∙ കൊടുംകുറ്റവാളിയും ഗുണ്ടാനേതാവുമായ ബാലമുരുകൻ (44) പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ വച്ചാണ് പൊലീസ് ബാലമുരുകനെ പിടികൂടിയത്. വാഹനപരിശോധന നടത്തുന്നതിനിടെ ബൈക്കിൽ എത്തിയ ബാലമുരുകനെ തിരിച്ചറിഞ്ഞ പൊലീസ് ഉടൻ പിടികൂടുകയായിരുന്നു
നവംബർ മൂന്നിന് വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തിട്ടുണ്ട്. പ്രതിയെ വൈകാതെ വിയ്യൂർ പൊലീസിന് കൈമാറും.
കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് തമിഴ്നാട് തെങ്കാശി കടയം സ്വദേശിയായ ബാലമുരുകൻ. വിയ്യൂർ ജയിലിനു സമീപത്തുനിന്നാണ് തമിഴ്നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നു കളഞ്ഞത്. തമിഴ്നാട്ടിൽ തെളിവെടുപ്പിനുശേഷം വിയ്യൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞപ്പോൾ ഇയാളെ പൊലീസ് പുറത്തിറക്കി. 3 പൊലീസുകാർ ഒപ്പമുണ്ടായിരുന്നെങ്കിലും ഇവരെ തള്ളിമാറ്റി ഓടുകയായിരുന്നു. ജയിൽ മതിലിനോട് ചേർന്ന് പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലത്തേക്കാണ് ബാലമുരുകൻ ഓടിയത്. പിന്നാലെ തൃശൂരിലേക്ക് കടന്ന ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

