ചിറ്റൂർ: 21 മണിക്കൂർ നീണ്ട തിരച്ചിൽ വിഫലമാക്കി സുഹാൻ വിടപറഞ്ഞപ്പോൾ കുട്ടി എങ്ങനെ കുളത്തിനടുത്തെത്തി എന്നതിനുള്ള ഉത്തരം തേടി നാട്ടുകാർ. എത്താൻ ഒരു സാധ്യതയുമില്ലെന്നു കണക്കാക്കിയിരുന്ന കുളത്തിൽനിന്നുമാണ് ഞായറാഴ്ച രാവിലെ സുഹാന്റെ മൃതദേഹം ലഭിച്ചത്. വീട്ടിൽനിന്നും പിണങ്ങി ഇറങ്ങിയ സുഹാൻ റോഡിലൂടെ പോയിരുന്നെങ്കിൽ കൂടി ഈ കുളത്തിൽ വീഴാൻ സാധ്യത തീരെ ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിനെയും കുളത്തെയും വേർതിരിച്ചു ഒരു കനാൽ ഉണ്ട്. ഇത് ചാടി മറികടക്കാൻ സുഹാനു കഴിയുമായിരുന്നില്ല. അതേസമയം ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റിന്റെ ഒരു കഷ്ണമാണ് കനാലിനു കുറുകെ പാലം പോലെ ഉപയോഗിച്ചിരുന്നത്. ഇതിലൂടെയും സുഹാനു കനാലിൽ വീഴാതെ പോകാനാകുമോ എന്ന സംശയവും നാട്ടുകാർ ഉയർത്തുന്നുണ്ട്.
മരണത്തിൽ ദുരൂഹത സംശയിക്കാനുള്ള മറ്റൊരു പ്രധാന കാരണം കുട്ടിയെ കാണാതായ സമയം ഈ കുളത്തിൽ ആളുകൾ ഉണ്ടായിരുന്നു എന്നതാണ്. കുളത്തിൽ കുളിക്കുവാനും മീൻപിടിക്കുന്നതിനുമായി കുട്ടികൾ ഈ സമയം ഉണ്ടായിരുന്നു. അവരാരും തന്നെ സുഹാനെ കണ്ടിരുന്നില്ല. സുഹാന്റെ മരണത്തിൽ അന്വേഷണം തുടരുമെന്നു ചിറ്റൂർ പൊലീസ് പറഞ്ഞു. സിസിടിവി ഉൾപ്പെടെ കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുൾപ്പെടെ ശാസ്ത്രീയമായ അന്വേഷണം നടത്തും.
