പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ ആറു വയസ്സുകാരൻ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്.
വെളുത്ത വരയുള്ള ടീ ഷര്‍ട്ടും കറുത്ത ട്രൗസറുമാണ് കാണാതാവുമ്പോള്‍ കുട്ടി ധരിച്ചിരുന്നത്. 21 മണിക്കൂറോളം നീണ്ട തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. പ്രദേശത്തെ കുളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ പരിശോധന പുരോഗമിച്ചത്. കഴിഞ്ഞദിവസം ഡോഗ് സ്ക്വാഡ് സമീപത്തെ കുളവരമ്പു വരെ മണം പിടിച്ചു ചെന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളങ്ങൾ കേന്ദ്രീകരിച്ചു പരിശോധിക്കാൻ തീരുമാനിച്ചത്. വീടിനു സമീപത്തായി അഞ്ചോളം ആമ്പൽ കുളങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ മൃതദേഹം കണ്ടെത്തിയത് 800 മീറ്ററോളം അകലെയുള്ള മറ്റൊരു കുളത്തിലാണ്. നാട്ടുകാർ കുളിക്കാനും വസ്ത്രം അലക്കാനും ഉപയോഗിക്കുന്ന കുളമാണിത്. ഇവിടേയ്ക്ക് എങ്ങനെ സുഹാൻ എത്തി എന്നതും കണ്ടെത്തേണ്ടതുണ്ട്.

