പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി രംനാരായൺ ഭയ്യർ (31) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൂടുതൽ വീഡിയോദൃശ്യങ്ങൾ ശേഖരിച്ചു. കേസിന്റെ സ്ഥിതി വിലയിരുത്തി കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാർ പറഞ്ഞു. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചത് സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. പത്തംഗ പ്രത്യേക അന്വേഷണസംഘമാണ് (എസ്ഐടി) മൂന്ന് ദിവസമായി കേസന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.എം. ഗോപകുമാറിനാണ് നേതൃത്വം . സമീപവാസികളുടെ ഫോണുകളിൽനിന്നുള്ള ഡിജിറ്റൽ തെളിവുകൾക്കുപുറമേ സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. അത് പൂർണതോതിൽ വിശകലനം ചെയ്തശേഷമാവും കൂടുതൽ നടപടിയെന്ന് അജിത്കുമാർ പറഞ്ഞു.
സംഭവത്തിനുശേഷം അറസ്റ്റ് ഭയന്ന് നാടുവിട്ടവരെ തിരിച്ചെത്തിക്കാൻ ഇവരുടെ ബന്ധുക്കളുമായും എസ്ഐടി സംഘം ബന്ധപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് എസ്‌പിയുടെ സാന്നിധ്യത്തിൽ എസ്ഐടി സംഘം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആദ്യം കേസന്വേഷിച്ച വാളയാർ പോലീസിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായോയെന്നതും വിലയിരുത്തിയതായി സൂചനയുണ്ട്. കൊലപാതകം നടന്നത് 17-നാണ്. പോലീസ് അന്വേഷണം തുടങ്ങിയ 18-ന് പതിനഞ്ചോളം പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ ഏറെപ്പേരെയും പിന്നീട് വിട്ടയച്ചു. ഇതിൽ രാംനാരായണെ മർദിച്ചവരും ഉൾപ്പെടുന്നതായി സൂചനയുണ്ട്. ഇവർ പിന്നീട് മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു.
സംശയം തോന്നി കസ്റ്റഡിയിലെടുക്കുന്നവർ എല്ലാവരും പ്രതികളാവണമെന്നില്ലെന്നാണ് ഇതേക്കുറിച്ച് ജില്ലാ പോലീസ് മേധാവി നൽകുന്ന വിശദീകരണം. വിവരശേഖരണത്തിനായും ആളുകളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാറുണ്ട്. വാളയാർ പോലീസ് ഇങ്ങനെ വിളിപ്പിച്ചശേഷം അറസ്റ്റു ചെയ്യാതെ വിട്ടവരിൽ പ്രതികളുമുണ്ടാവാനിടയുണ്ടെന്നും എസ്‌പി പറഞ്ഞു.
18-നാണ് അഞ്ചു പ്രതികളെ അറസ്റ്റുചെയ്തത്. ഇതിൽ മൂന്നുപേർ സ്റ്റേഷനിൽ നേരിട്ട് ഹാജരായവരാണ്. ബാക്കി രണ്ടുപേരെ പോലീസ് വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നെന്ന് റിമാൻഡ് റിപ്പോട്ടിൽ പറയുന്നു.

