തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണം സംഘം. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇ ഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികളുടെ അറസ്റ്റിന് എന്താണു കാലതാമസമെന്ന് ഹൈക്കോടതി ഇന്ന് എസ്‌ഐടിയോടു ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ഇഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പില്‍ കമ്പനിയുടെ പങ്ക് തെളിഞ്ഞതിനാലാണ് അറസ്റ്റ് എന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ആദ്യമായാണ് കേരളത്തിനു പുറത്തുനിന്നുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍നിന്നു കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങളില്‍നിന്നുള്‍പ്പെടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തത് സ്മാര്‍ട്ട് ക്രിയേഷന്‍ഷില്‍ വച്ചാണ്. ഈ സ്വര്‍ണം ഇടനിലക്കാരനായ കല്‍പേഷ് വഴി ഗോവര്‍ധനു വിറ്റുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍നിന്നു കണ്ടെത്തിയിരുന്നു.

