കഠ്മണ്ഡു∙ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം. ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയിലാണ് യുവാക്കളുടെ സംഘവും സിപിഎൻ- യുഎംഎൽ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ഇതിനെത്തുടർന്ന് മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പിന്നാലെ പ്രതിഷേധക്കാരും പൊലീസുമായും പുലർച്ചെ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്. ആറ് പ്രതിഷേധക്കാർക്കു പരുക്കേറ്റിട്ടുണ്ട്.
2026 മാർച്ച് 5ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ യുഎംഎൽ നേതാക്കൾ ബാര ജില്ല സന്ദർശിക്കാൻ പദ്ധതിയിട്ടതിനെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. സിമാര വിമാനത്താവളത്തിനു സമീപം സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പൊലീസ് കണ്ണീർവാതക പ്രയോഗവും നടത്തി. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. സെപ്റ്റംബറിൽ നടന്ന ജെൻ സീ കലാപത്തിൽ 76 പേരാണ് നേപ്പാളിൽ കൊല്ലപ്പെട്ടത്. പ്രതിഷേധത്തെ തുടർന്ന്, പ്രധാനമന്ത്രിയും യുഎംഎൽ ചെയർമാനുമായ കെ.പി.ശർമ ഒലി രാജിവച്ചിരുന്നു. നേപ്പാള്‍ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയാണ് നിലവിലെ ഇടക്കാല സർക്കാരിനെ നയിക്കുന്നത്. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി.

