Headlines

ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധം: ബ്രെസ കാറും കണ്ടെത്തി; വാഹനം അല്‍-ഫലാഹ് സര്‍വകലാശാലയില്‍

ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധം: ബ്രെസ കാറും കണ്ടെത്തി; വാഹനം അല്‍-ഫലാഹ് സര്‍വകലാശാലയില്‍

ഫരീദാബാദ്: ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധമുള്ള നാലാമത്തെ കാറും കണ്ടെത്തി. മാരുതി സുസുക്കി ബ്രെസ കാറാണ് ഹരിയാനയിലെ ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.

കേസില്‍ അറസ്റ്റിലായ പ്രതികളുടെ പ്രവര്‍ത്തനങ്ങള്‍ അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മറ്റൊരു വാഹനം ഇവിടെനിന്ന് കണ്ടെത്തിയിരിക്കുന്നത്. സര്‍വകലാശാലയുടെ കാമ്പസില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു വാഹനം. കൃത്യം നടത്തിയതിനു ശേഷം പ്രതികള്‍ ഈ കാറില്‍ രക്ഷപ്പെടാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

നവംബര്‍ 10-ാം തീയതി വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം വെളുത്ത ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ച് 13 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നു കരുതുന്ന വാഹനങ്ങള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചത്.

ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ച ഐ20 കാര്‍ കൂടാതെ തിങ്കളാഴ്ച ഒരു മാരുതി സുസുക്കി ഡിസയര്‍ കാറും പോലീസ് പിടിച്ചെടുത്തിരുന്നു. സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ ഉടമ അറസ്റ്റിലായ ഷഹീന്‍ സയീദാണ്. കാറില്‍നിന്ന് അസോള്‍ട്ട് റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെടുത്തതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മുറികള്‍ വാടകയ്ക്കെടുത്ത മുസമ്മിലും ഈ കാര്‍ ഉപയോഗിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഷഹീനും മുസമ്മിലും അല്‍-ഫലാഹ് സര്‍വകലാശാലയില്‍ ജോലിചെയ്തിരുന്നവരാണ്.

പിന്നീട് സ്ഫോടനക്കേസ് പ്രതി ഉമര്‍ ഉന്‍ നബിയുടെ ഉടമസ്ഥതയിലുള്ള ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ ബുധനാഴ്ച ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. DL 10 CK 0458 നമ്പര്‍ കാറായിരുന്നു ഇത്. അല്‍ ഫലാഹ് സര്‍വകലാശാലയില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരത്തായാണ് കാര്‍ കണ്ടെത്തിയത്. ബോംബ് നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവായ അമോണിയം നൈട്രേറ്റിന്റെ അംശം ഈ കാറില്‍ കണ്ടെത്തിയതായി അധികൃതര്‍ പറയുന്നു. ഈ കാര്‍ രാസവസ്തു കടത്താന്‍ ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. അതേസമയം, വ്യാഴാഴ്ച രാവിലെ ഫരീദാബാദ് പോലീസ് ഇക്കോസ്പോര്‍ട്ട് പാര്‍ക്ക് ചെയ്ത ആളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫഹീം എന്നയാളാണ് ഫാംഹൗസില്‍ വാഹനം പാര്‍ക്ക് ചെയ്തത്. ഇയാള്‍ ഡോ. ഉമറിന്റെ ബന്ധുവാണെന്ന് റിപ്പോര്‍ട്ടുണ്ട്.

error: Content is protected !!