Headlines

1.2 കോടി ചെലവ്; ഡല്‍ഹിയില്‍ കൃത്രിമമഴ പെയ്യിക്കാനുള്ള ശ്രമം പാളി

1.2 കോടി ചെലവ്; ഡല്‍ഹിയില്‍ കൃത്രിമമഴ പെയ്യിക്കാനുള്ള ശ്രമം പാളി

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായിത്തുടരുന്ന രാജ്യതലസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ ക്ലൗഡ് സീഡിങ് പരാജയപ്പെട്ടു. കാന്‍പുര്‍ ഐഐടിയുമായി സഹകരിച്ച് വ്യാഴാഴ്ച പകലായിരുന്നു പരീക്ഷണം. 1.2 കോടി രൂപയോളം ചെലവിട്ടാണ് പരീക്ഷണം നടത്തിയത്.

ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലും മറ്റു ഭാഗങ്ങളിലും നടത്തിയ രണ്ട് ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങള്‍ മഴ പെയ്യിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഡല്‍ഹിയിലെ പരിസ്ഥിതി മന്ത്രി ഈ ശ്രമത്തെ ‘വിജയകരം’ എന്ന് വിശേഷിപ്പിച്ചു. വരുംദിവസങ്ങളില്‍ പത്തോളം പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മഴപെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് ഐഐടി അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശൈത്യകാലമാസങ്ങളില്‍ വായുമലിനീകരണം കൂടുന്നത് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കൃത്രിമമഴയ്ക്ക് ശ്രമംനടത്തുന്നത്. മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങള്‍ നിക്ഷേപിച്ച് കൃത്രിമമായി മഴപെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിങ്. ഐഐടി കാണ്‍പൂര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ചെറിയ വിമാനമാണ് ഇതിനായി ഉപയോഗിച്ചത്.

കാറ്റിന്റെ വേഗത, നിലവിലുള്ള മഴമേഘങ്ങള്‍ എന്നിവയ്ക്കനുസൃതമായിട്ടാണ് പരീക്ഷണം വിജയിക്കാനുള്ള സാധ്യത. ഡല്‍ഹിയിലെ നിലവിലെ കാലവസ്ഥയില്‍ പരീക്ഷണം വിജയിക്കാനുള്ള സാധ്യത കുറവായിരുന്നെങ്കിലും ചൊവ്വാഴ്ച ഒന്നോ രണ്ടോ തവണ നേരിയ മഴയോ ചാറ്റല്‍ മഴയോ ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമാണ് പരീക്ഷണം നടത്താന്‍ ഡല്‍ഹി സര്‍ക്കാരിനെയും ഐഐടി കാണ്‍പൂരിനെയും പ്രേരിപ്പിച്ചത്.

കഴിഞ്ഞയാഴ്ച ബുറാഡി മേഖലയില്‍ പരീക്ഷണം നടത്തിയെങ്കിലും മഴയ്ക്കായി 50 ശതമാനമെങ്കിലും വേണ്ടിയിരുന്ന അന്തരീക്ഷ ഈര്‍പ്പം ഇല്ലാതിരുന്നതിനാല്‍ വിജയിച്ചില്ല. പരീക്ഷണം നടത്താന്‍ കാന്‍പുര്‍ ഐഐടിക്ക് കേന്ദ്രം നേരത്തേ അനുമതിനല്‍കിയിരുന്നു. അതേസമയം, ദീപാവലിക്ക് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള പടക്കംപൊട്ടിക്കലിനുശേഷം കൂപ്പുകുത്തിയ ഡല്‍ഹിയിലെ വായുനിലവാരം ‘വളരെ മോശം’ വിഭാഗത്തില്‍ത്തന്നെയാണ്. ശൈത്യകാലം വരവറിയിച്ചതോടെ അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞും തുടങ്ങിയിട്ടുണ്ട്.

ഡല്‍ഹി മന്ത്രിസഭ മെയ് ഏഴിനാണ് ക്ലൗഡ് സീഡിംഗ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. അഞ്ച് പരീക്ഷണങ്ങള്‍ക്കായി 3.21 കോടി രൂപ വകയിരുത്തി – ഒരു ശ്രമത്തിന് ഏകദേശം 64 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച ഇത്തരത്തില്‍ രണ്ട് ശ്രമങ്ങളാണ് നടത്തിയത്.

error: Content is protected !!